ലഹരിമരുന്ന് പിടികൂടിയ കേസ്: ഇറാന് പൗരനെ കുറ്റവിമുക്തനാക്കി
Thursday, January 16, 2025 12:44 AM IST
കൊച്ചി: കപ്പലില്‍നിന്ന് 25,000 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസിലെ ഏകപ്രതിയായ ഇറാന് പൗരന് സുബൈറിനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കി. പ്രതിക്കെതിരേ മതിയായ തെളിവുകളില്ലെന്നു വിലയിരുത്തിയാണ് എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ നടപടി. വിയ്യൂര്‍ ജയിലില്‍ കഴിയുന്ന സുബൈറിനെ ഉടന്‍ ഇറാനിലേക്ക് മടക്കി അയയ്ക്കാനുളള നടപടികള്‍ തുടങ്ങാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
2023 മേയില്‍ നാവികസേനയുടെ സഹായത്തോടെയാണ് നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ കൊച്ചി തീരത്ത് വന്‍ ലഹരിവേട്ട നടത്തിയത്. പാക്കിസ്ഥാനില്‍നിന്ന് 2525 കിലോ മെത്താഫിറ്റമിന്‍ ഇന്ത്യയിലേക്കു കടത്തിയെന്നായിരുന്നു എന്‍സിബിയുടെ കണ്ടെത്തല്‍.
കേസില്‍ അറസ്റ്റിലായ സുബൈറിനൊപ്പം മറ്റ് അഞ്ചുപേര്‍ കൂടി ലഹരി കടത്തിയ കപ്പലില്‍ ഉണ്ടായിരുന്നുവെന്നും ഇവര്‍ കടലില്‍ ചാടി രക്ഷപ്പെട്ടെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇവരെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയാത്തത് അന്വേഷണ ഏജന്‍സിക്ക് വിചാരണഘട്ടത്തിൽ തിരിച്ചടിയായി.