ബൈക്കിടിച്ച് അഞ്ചാം ക്ലാസുകാരൻ മരിച്ച സംഭവം: വാഹനമോടിച്ച യുവാവ് അറസ്റ്റിൽ
Wednesday, January 15, 2025 4:53 PM IST
കൊല്ലം: ശാസ്താംകോട്ടയിൽ ബൈക്കിടിച്ച് അഞ്ചാം ക്ലാസുകാരൻ മരിച്ച സംഭവത്തിൽ വാഹനമോടിച്ച യുവാവ് അറസ്റ്റിൽ. തെക്കുംഭാഗം സ്വദേശി ബേസിലിൻ ബ്രിട്ടോയാണ് അറസ്റ്റിലായത്.
ശാസ്താംകോട്ട പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് ലൈസൻസ് ഇല്ലെന്നും പോലീസ് അറിയിച്ചു. ഇക്കഴിഞ്ഞ പതിനൊന്നാം തീയതി കാരാളിമുക്ക് - കടപുഴ റോഡിലെ റെയിൽവേ മേൽപാലത്തിന് സമീപമാണ് അപകടമുണ്ടായത്.
സഹപാഠികൾക്കൊപ്പം ട്യൂഷൻ ക്ലാസിലേക്ക് പോവുകയായിരുന്ന കാരാളിമുക്ക് സ്വദേശി അഭിരാമിനെ ബൈക്ക് ഇടിക്കുകയായിരുന്നു. ബാഗിന്റെ വള്ളി ബൈക്കിന്റെ ഹാൻഡിലിൽ കുടുങ്ങിയതോടെ കുട്ടിയെ വലിച്ചിഴച്ച് ബൈക്ക് മുന്നോട്ട് നീങ്ങി.
കുട്ടി തെറിച്ച് വീണതിന് പിന്നാലെ യുവാവ് ബൈക്കുമായി രക്ഷപ്പെടുകയായിരുന്നു. ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അഭിരാം മരിച്ചത്.