എന്‍.എം.വിജയന്റെ ആത്മഹത്യ; അന്വേഷണം ക്രൈംബ്രാഞ്ചിന്
Wednesday, January 15, 2025 3:58 PM IST
വയനാട്: വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും. എന്‍.എം.വിജയന്റെ ആത്മഹത്യയും ഇതുമായി ബന്ധപ്പെട്ടുള്ള മൂന്ന് വഞ്ചനാ കേസുകളുമാണ് ക്രൈംബ്രാഞ്ചിന് കൈമാറുക.
പത്രോസ് താളൂർ, സായൂജ്, ഷാജി എന്നിവർ നൽകിയ പരാതികളിലെ കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ആത്മഹത്യാപ്രേരണ കേസിൽ ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, എൻ.ഡി.അപ്പച്ചൻ, കെ.കെ.ഗോപിനാഥൻ എന്നിവരാണ് പ്രതികൾ.
അതേസമയം ഐ.സി.ബാലകൃഷ്ണന് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ചയും വാദം തുടരും. ഉത്തരവ് വരുന്നതുവരെ പ്രതികളുടെ അറസ്റ്റ് വയനാട് പ്രിൻസിപ്പൽ സെക്ഷൻസ് കോടതി തടഞ്ഞിട്ടുണ്ട്.
ആത്മഹത്യാക്കുറിപ്പിനെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്ന് ഐ.സി.ബാലകൃഷ്ണന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. ചില വരികൾ വെട്ടിയ നിലയിലാണ്. എംഎൽഎക്കെതിരെ രാഷ്ട്രീയ വേട്ടയാടൽ നടക്കുകയാണ്. ഐ.സി.ബാലകൃഷ്ണൻ ഹൃദ്രോഗത്തിന് ചികിത്സയിലാണെന്നും അഭിഭാഷകൻ പറഞ്ഞു.