റിക്കാർഡ് സെഞ്ചുറിയുമായി സ്മൃതി, 150 കടന്ന് പ്രതിക; ഇന്ത്യയ്ക്ക് പടുകൂറ്റൻ സ്കോർ
Wednesday, January 15, 2025 2:59 PM IST
രാജ്കോട്ട്: അയർലൻഡിനെതിരായ പരമ്പരയിലെ അവസാന ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് പടുകൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ നിശ്ചിത 50 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 435 റൺസെടുത്തു.
റിക്കാർഡ് സെഞ്ചുറിയുമായി കളംനിറഞ്ഞ ക്യാപ്റ്റൻ സ്മൃതി മന്ഥാനയും കന്നി സെഞ്ചുറി നേടിയ ഓപ്പണർ പ്രതിക റാവലുമാണ് ഇന്ത്യയ്ക്ക് വമ്പൻ സ്കോർ സമ്മാനിച്ചത്. 129 പന്തിൽ 20 ബൗണ്ടറികളും ഒരു സിക്സറുമടക്കം 154 റൺസെടുത്ത പ്രതികയാണ് ടോപ് സ്കോറർ.
അതേസമയം, 80 പന്തിൽ 12 ബൗണ്ടറികളും ഏഴു പടുകൂറ്റൻ സിക്സറുമുൾപ്പെടെ 135 റൺസെടുത്ത സ്മൃതി മന്ഥാന ഒരുപിടി നേട്ടങ്ങളും സ്വന്തം പേരിലാക്കി. പത്താം സെഞ്ചുറിയുമായി വനിതാ ഏകദിന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാമതാണ് ഇന്ത്യൻ ക്യാപ്റ്റൻ.
126 മത്സരങ്ങളില്‍ 10 സെഞ്ചുറികള്‍ നേടിയ ഇംഗ്ലണ്ടിന്റെ ബ്യൂമോണ്ടിനൊപ്പാണ് താരം. 103 മത്സരങ്ങളില്‍ 15 സെഞ്ചുറികള്‍ നേടിയിട്ടുള്ള ഓസീസ് താരം മെഗ് ലാന്നിംഗാണ് ഒന്നാമത്. 168 മത്സരങ്ങളില്‍ 13 സെഞ്ചുറിയുമായി ന്യൂസിലന്‍ഡ് താരം സൂസി ബേറ്റ്സ് ആണ് രണ്ടാമത്.
ഇന്ന് 70 പന്തിലാണ് സ്മൃതി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. വനിതാ ക്രിക്കറ്റില്‍ ഏറ്റവും വേഗതയേറിയ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമെന്ന റിക്കാര്‍ഡും താരം സ്വന്തം പേരിലാക്കി. 87 പന്തില്‍ സെഞ്ചുറി നേടിയ ഹര്‍മന്‍പ്രീത് കൗറാണ് രണ്ടാം സ്ഥാനത്ത്.
രാജ്കോട്ടിൽ പ്രതികയ്ക്കൊപ്പം ഒന്നാംവിക്കറ്റിൽ 233 റൺസാണ് സ്മൃതി കൂട്ടിച്ചേർത്തത്. 27-ാം ഓവറിലാണ് ഈ കൂട്ടുകെട്ട് അവസാനിക്കുന്നത്. പിന്നാലെ ക്രീസിലെത്തിയ റിച്ച ഘോഷ് സ്കോറിംഗ് വേഗം താഴാതെ കാത്തു. 42 പന്തിൽ 10 ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 59 റൺസാണ് താരം അടിച്ചെടുത്തത്.
തേജൽ ഹസബ്നിസ് (28), ഹർലീൻ ഡിയോൾ (15) എന്നിവർ പെട്ടെന്ന് പുറത്തായപ്പോൾ ജെമീമ റോഡ്രിഗസ് (നാല്), ദീപ്തി ശർമ (11) എന്നിവർ പുറത്താകാതെ നിന്നു. അയർലൻഡിനു വേണ്ടി ഒർല പ്രെൻഡർഗസ്റ്റ് രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ അർലീൻ കെല്ലി, ഫ്രേയ സാർജന്റ്, ജോർജിന ഡെംപ്സി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.