അബ്ദുൾ റഹീമിന്റെ മോചനം വൈകും; കേസ് വീണ്ടും മാറ്റിവച്ചു
Wednesday, January 15, 2025 1:28 PM IST
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനം നീളും. ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദിലെ കോടതി വീണ്ടും മാറ്റിവച്ചു. ഇത് ആറാം തവണയാണ് കോടതി കേസ് മാറ്റുന്നത്.
സുക്ഷ്മ പരിശോധനയ്ക്കും കൂടുതൽ പഠനത്തിനും സമയം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് വീണ്ടും മാറ്റിവച്ചത്. ജൂലൈ രണ്ടിന് അബ്ദുൾ റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയെങ്കിലും ജയിൽ മോചനം വൈകുകയാണ്.
ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായിരുന്നു. തുടർന്നാണ് വധശിക്ഷ റദ്ദ് ചെയ്ത് വിധിയെത്തിയത്.
സൗദി പൗരന്റെ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു അബ്ദുൾ റഹീം. രോഗിയായ കുട്ടിയെ പരിചരിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തില്‍ സ്ഥാപിച്ച ജീവന്‍രക്ഷ ഉപകരണം അബ്ദുൾ റഹീമിന്റെ കൈതട്ടി പോകുകയും കുട്ടി മരിക്കുകയുമായിരുന്നു. തുടര്‍ന്ന് സൗദി കോടതി അബ്ദുൾ റഹീമിന് വധശിക്ഷ വിധിച്ചത്.