ദൗത്യസംഘത്തെ വീണ്ടും വട്ടംകറക്കി അമരക്കുനിയിലെ കടുവ; അഞ്ചാമത്തെ ആടിനെയും കൊന്നു
Wednesday, January 15, 2025 10:23 AM IST
വയനാട്: അമരക്കുനിയിൽ നാടിനെ വിറപ്പിച്ച കടുവയ്ക്കായി രാത്രി മുഴുവൻ തിരച്ചിൽ നടക്കുമ്പോഴും വീണ്ടും ആടിനെ കടിച്ചുകൊന്ന് കടുവ. ഇതോടെ, നിലവിൽ കടുവ കൊന്ന ആടുകളുടെ എണ്ണം അഞ്ചായി. തൂപ്ര അങ്കണവാടിക്കു സമീപം ചന്ദ്രന്റെ ആടിനെയാണ് കടുവ പിടിച്ചത്. രാത്രിയുടനീളം കടുവയ്ക്ക് പിന്നാലെ ആർആർടിയും വെറ്ററിനറി ടീമും തിരച്ചിൽ നടത്തിയിരുന്നു.
ആടിനെ കൊന്നതിനു പിന്നാലെ രണ്ടുതവണ കൂടി കടുവ എത്തിയെന്ന് വീട്ടുടമ ചന്ദ്രൻ പറഞ്ഞു. പുലർച്ചെ നാലിനാണ് വീണ്ടും കടുവ വന്നത്. ആടിനെ കെട്ടിയിട്ടിരുന്നതിനാൽ ജഡം കടിച്ചുവലിച്ചുകൊണ്ടുപോകാൻ കടുവയ്ക്ക് കഴിഞ്ഞില്ല. മടങ്ങിയ കടുവ 10 മിനിറ്റിന് ശേഷം വീണ്ടും വന്നെന്നും ചന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പുലര്‍ച്ചെ പുല്ലരിയാനെത്തിയ പ്രദേശവാസി കടുവയെ കണ്ടതായി മാധ്യമങ്ങളോട് പറഞ്ഞു. പുല്ലരിഞ്ഞുകൊണ്ട് നില്‍ക്കെ കടുവ സമീപത്തുടെ നടന്ന് പോകുന്നതായി കണ്ടു. ഉടനെ സ്ഥലത്ത് നിന്നും ഉടന്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പ്രദേശവാസി പറയുന്നു. കടുവയെ കണ്ട പ്രദേശങ്ങളില്‍ തിരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞദിവസം കടുവയെ മയക്കുവെടിവെക്കാനായി ഊട്ടിക്കവലയില്‍ വനംവകുപ്പ് സംഘം ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിനിടെയാണ് സമീത്തെ തൂപ്രയിലെത്തി കടുവ ഒരു ആടിനെ കൂടി കൊന്നത്.