ഒരു കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
Tuesday, January 14, 2025 11:27 PM IST
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ കടത്തിയ ഒരു കിലോ കഞ്ചാവുമായി മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടില്‍ നിന്നും ബസില്‍ കഞ്ചാവ് കൊണ്ടുവരുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
കരമന - കളിയിക്കാവിള പാതയില്‍ കാരയ്ക്കാമണ്ഡപത്ത് വച്ച് പോലീസ് നടത്തിയ പരിശോധനയിൽ രാജാജി നഗര്‍ ഫ്ളാറ്റ് നമ്പര്‍ 326ല്‍ ബിജു (52), മാവേലിക്കര കണ്ണമംഗലം നോര്‍ത്ത് മീനുഭവനില്‍ മിഥുന് മധു (22), മാവേലിക്കര കണ്ണമംഗലം നോര്‍ത്ത് അജിത ഭവനില്‍ അച്ചുകൃഷ്ണ (27) എന്നിവരാണ് പിടിയിലായത്.
ബിജുവിനെതിരെ കഞ്ചാവ് കടത്തിയതിന് കേസുണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായവർക്ക് എവിടെ നിന്നു കഞ്ചാവു ലഭിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.