റഷ്യൻ കൂലിപ്പട്ടാളത്തിലുള്ള ഇന്ത്യൻ പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണം; ആവശ്യം ആവർത്തിച്ച് ഇന്ത്യ
Tuesday, January 14, 2025 8:26 PM IST
ന്യൂഡൽഹി: റഷ്യൻ കൂലിപ്പട്ടാളത്തിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണമെന്ന ആവശ്യം ആവർത്തിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് റൺധീര്‍ ജെയ്സ്വാൾ ആണ് പ്രസ്താവന ഇറക്കിയത്.
സമാനമായി റിക്രൂട്ട് ചെയ്യപ്പെട്ട മലയാളി യുവാവിനെ എത്രയും വേഗം സൈനിക സേവനത്തിൽനിന്ന് നീക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന് യുദ്ധത്തിൽ മലയാളി മരിച്ചതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ തൃശൂർ സ്വദേശി ബിനിൽ ആണ് മരിച്ചത്. യുദ്ധമുഖത്ത് വെടിയേറ്റാണ് മരണം. ഇന്ത്യൻ എംബസി മരണവിവരം ബിനിലിന്റെ കുടുംബത്തെ അറിയിച്ചു. യുദ്ധമുഖത്ത് ബിനിലിനെ മുന്നണിപ്പോരാളിയാക്കി റഷ്യ നിയമിച്ചിരുന്നു.
ആഴ്ചകൾക്ക് മുൻപാണ് ബിനിലിനെയും ജെയ്നിനെയും റഷ്യ മുൻനിര പോരാളിയായി നിയമിച്ചത്. ഇതിൽ കുടുംബം ആശങ്കയറിയിക്കുകയും ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നു.