നിറത്തിന്റെ പേരിൽ അവഹേളനം; നവവധു ജീവനൊടുക്കി
Tuesday, January 14, 2025 7:24 PM IST
മലപ്പുറം : ഭർത്താവ് തുടർച്ചയായി അവഹേളിക്കുന്നു എന്ന് ആരോപിച്ച് നവവധു ജീവനൊടുക്കി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്.
ഭർത്താവ് അബ്ദുൽ വാഹിദിന്റെയും കുടുംബക്കാരുടെയും മാനസിക പീഡനം മൂലമാണ് മുംതാസ് ജീവനൊടുക്കിയതെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. 2024 മേയ് 27 ന് ആയിരുന്നു ഇരുവരുടേയും വിവാഹം.
നിറം കുറവാണെന്ന് പറഞ്ഞ് വിവാഹ ബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചു. ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്ന് പറഞ്ഞ് ഭർത്താവും വീട്ടുകാരും നിരന്തരം അവഹേളിച്ചെന്നും മുംതാസിന്റെ വീട്ടുകാർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ചൊവ്വാഴ്ച രാവിലെ പത്തിനാണ് മുംതാസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം ബുധനാഴ്ച നടത്തും.