ജാമ്യം വേണ്ട, ജയിലിൽ കിടന്നോളാം: ബോബി ചെമ്മണ്ണൂർ
Tuesday, January 14, 2025 6:48 PM IST
കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂർ. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി തന്റെ അഭിഭാഷകരെ അറിയിച്ചു.
റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് താൻ ജയിലിൽ തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള തടവുകാർ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലിൽ തുടരുമെന്ന് ബോബി ചെമ്മണ്ണൂർ അറിയിച്ചു.
ചൊവ്വാഴ്ച ജാമ്യം നടപ്പാക്കേണ്ടെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരെ അറിയിച്ചു. അഭിഭാഷകർ ഇല്ലാതെയും, ബോണ്ട് തുക കെട്ടിവയ്ക്കാൻ കഴിയാതെ നിരവധി തടവുകാർ ജയിലിൽ ഉണ്ടെന്നും ബോബി ചെമ്മണ്ണൂർ അഭിഭാഷകരെ അറിയിച്ചു.
ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന ബോബിയെ സ്വീകരിക്കാൻ നൂറുകണക്കിനു പേർ കാക്കനാട് ജില്ലാ ജയിലിന് മുമ്പിൽ കാത്ത് നിൽക്കുന്പോഴാണ് ബോചെ തന്റെ നിലപാട് വ്യക്തമാക്കിയത്.