"മുഖ്യമന്ത്രി കട്ട്...ഔട്ട്'; സെക്രട്ടറിയേറ്റ് പരിസരത്ത് സ്ഥാപിച്ച ഫ്ലക്സ് നീക്കം ചെയ്തു
Tuesday, January 14, 2025 5:37 PM IST
തിരുവനന്തപുരം: കോടതി വിലക്ക് ലംഘിച്ച് സെക്രട്ടറിയേറ്റ് പരിസരത്ത് സ്ഥാപിച്ച കൂറ്റൻ ഫ്ലക്സും മുഖ്യമന്ത്രിയുടെ കട്ടൗട്ടും നീക്കം ചെയ്തു. നഗരസഭയാണ് ഫ്ലക്സ് നീക്കം ചെയ്തത്. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷനാണ് ഫ്ലക്സും മുഖ്യമന്ത്രിയുടെ കട്ടൗട്ടും സ്ഥാപിച്ചത്.
കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷന് തൊട്ടുമുമ്പിലാണ് സംഭവം. സില്‍വര്‍ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ഫക്സാണ് സ്ഥാപിച്ചത്.
സംസ്ഥാനത്തെ പാതയോരങ്ങളിലും പൊതുസ്ഥലത്തും നിരത്തിയിട്ടുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ എടുത്ത് മാറ്റണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപടി പുരോഗമിക്കുകയാണ്.
സെക്രട്ടറിയേറ്റ് പരിസരത്തുണ്ടായിരുന്ന ഫ്ലക്സ് ബോര്‍ഡുകളും നഗരസഭാ അധികൃതര്‍ എടുത്ത് മാറ്റിയിരുന്നു. ഇതിനിടെയാണ് കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് ഭരണാനുകൂല സംഘടന ഫ്ലക്സ് സ്ഥാപിച്ചത്.