ബോബി ചെമ്മണ്ണൂരിന് ജയിലിൽ പ്രത്യേക സൗകര്യമൊരുക്കിയെന്ന ആരോപണം; സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി
Tuesday, January 14, 2025 3:16 PM IST
തിരുവനന്തപുരം : നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ റിമാൻഡിൽ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയെന്ന ആരോപണത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
ബോബി ചെമ്മണ്ണൂരിന്റെ അടുപ്പക്കാർ ഉന്നത ഉദ്യോഗസ്ഥനൊപ്പം ജില്ലാ ജയിലിലെത്തിയെന്നും സന്ദർശക പട്ടികയിൽ പേര് ചേർക്കാതെ സൂപ്രണ്ടിന്റെ മുറിയിൽവച്ച് ബോബിയും ഇവരുമായി കൂടിക്കാഴ്ചയ്ക്ക് സൗകര്യം ഒരുക്കിയെന്നുമാണ് വിവരം. ബോബിക്ക് ജയിലിൽ പ്രത്യേക സൗകര്യമൊരുക്കാൻ വേണ്ടി മാത്രമാണ് ഈ ഉന്നത ഉദ്യോഗസ്ഥൻ നേരിട്ടെത്തിയതെന്നാണ് ആക്ഷേപമുയരുന്നത്.
ബോബി ജയിലിൽ എത്തിയപ്പോൾ കൈയിൽ പണമുണ്ടായിരുന്നില്ല. ജയിൽ ചട്ടം മറികടന്ന് ബോബിക്ക് ഫോൺ വിളിക്കാൻ 200 രൂപ നൽകി. പിന്നീട് ഇത് രേഖകളിൽ എഴുതി ചേർത്തെന്നും വിവരമുണ്ട്.
ജയില്‍ ഉദ്യോഗസ്ഥരില്‍നിന്ന് ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരിലേക്ക് എത്തിയതോടെയാണ് സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയതെന്നാണ് വിവരം.