ബിആർഎസ് നേതാക്കൾ വീട്ടുതടങ്കലിൽ
Tuesday, January 14, 2025 1:18 PM IST
ഹൈദരാബാദ്: തെലുങ്കാനയില്‍ ബിആര്‍എസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ.ടി. രാമറാവു അടക്കം മുതിര്‍ന്ന നേതാക്കള്‍ വീട്ടുതടങ്കലില്‍. കെ.ടി.ആറിന് പുറമേ എംഎല്‍എ ടി. ഹരീഷ് റാവുവിനേയും തെലുങ്കാന പോലീസ് വീട്ടുതടങ്കലിലാക്കി.
ഇരുവരുടേയും ഗച്ചിബൗളിയിലേയും കോകാപേട്ടിലേയും വീടുകള്‍ക്ക് മുന്നില്‍ പോലീസിനെ വിന്യസിച്ചു. ബിആര്‍എസ് എംഎല്‍എ കൗശിക് റെഡിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് മുതിര്‍ന്ന നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ കൗശിക് റെഡിയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു.
കോണ്‍ഗ്രസ് എംഎല്‍എ എം. സഞ്ജയ് കുമാറിന്റെ പരാതിയിലായിരുന്നു പോലീസ് നടപടി. കരിംനഗര്‍ കളക്ട്രേറ്റില്‍ നടന്ന യോഗത്തില്‍വച്ച് കൗശിക് റെഡിയും സഞ്ജയ് കുമാറും തമ്മില്‍ വാക്കേറ്റുമുണ്ടായിരുന്നു. സംഭവത്തില്‍ തെലുങ്കാന പോലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.