ഓസ്ട്രേലിയന്‍ ഓപ്പൺ: ഇന്ത്യക്ക് തിരിച്ചടി; ബൊപ്പണ്ണ-ബരിയന്റോസ് സഖ്യം ആദ്യറൗണ്ടിൽതന്നെ പുറത്ത്
Tuesday, January 14, 2025 12:38 PM IST
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഡബിൾസിൽ മുൻ ചാമ്പ്യൻ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയ്ക്ക് ഞെട്ടിക്കുന്ന തോൽവി. ബൊപ്പണ്ണയും കൊളംബിയയുടെ നിക്കോളാസ് ബരിയന്റോസും ചേര്‍ന്ന സഖ്യം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.
മെൽബണിൽ രണ്ടുമണിക്കൂർ നീണ്ട പോരാട്ടത്തിൽ സ്പെയിനിന്റെ പെഡ്രോ മാര്‍ട്ടിനസ് - ജാമി മുനര്‍ സഖ്യത്തോടാണ് പതിനാലാം സീഡായ ഇന്തോ- കൊളംബിയൻ സഖ്യം പരാജയപ്പെട്ടത്. സ്കോര്‍: 7-5, 7-6 (7-5). കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയൻ താരം മാത്യു എബ്ഡനൊപ്പമാണ് ബൊപ്പണ്ണ കിരീടം നേടിയത്.
കഴിഞ്ഞ ദിവസം ഇന്ത്യയുടെ സുമിത് നാഗല്‍ പുരുഷ സിംഗിള്‍സിലെ ആദ്യ റൗണ്ടില്‍ തന്നെ തോല്‍വി വഴങ്ങി പുറത്തായിരുന്നു. ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് മച്ചാക്കിനോടു പരാജയപ്പെട്ടാണ് നാഗല്‍ പുറത്തായത്.