രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിലാണ് ഭാരതത്തിനു യഥാർഥ സ്വാതന്ത്ര്യം ലഭിച്ചത്: മോഹൻ ഭഗവത്
Tuesday, January 14, 2025 12:35 PM IST
ന്യൂഡൽഹി: രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിലാണ് ഭാരതത്തിനു യഥാർഥ സ്വാതന്ത്ര്യം ലഭിച്ചത് ആർഎസ്എസ് മേധാവി മോഹന്‍ ഭഗവത്. രാമക്ഷേത്രത്തിനായുള്ള പ്രയത്നങ്ങള്‍ രാജ്യത്തിന്റെ സ്വത്വത്തെ ഉണര്‍ത്തിയെന്നും ലോകത്തെ നയിക്കാന്‍ പ്രാപ്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ പ്രാണപ്രതിഷ്ഠ വാര്‍ഷികവുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആര്‍എസ്എസ് തലവന്‍.
ഇന്ത്യയെപ്പോലെ സ്വാതന്ത്ര്യം നേടിയ രാജ്യങ്ങള്‍ ഏറെ മുന്നോട്ടു പോയിട്ടും നമുക്ക് കുതിക്കാന്‍ കഴിഞ്ഞിരുന്നില്ല. രാമക്ഷേത്ര നിർമാണത്തോടെ പുതിയ ഉണര്‍വ് രാജ്യത്തിന് ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടന്ന ദിവസം പ്രതിഷ്ഠാ ദ്വാദശിയായി രാജ്യം ആചരിക്കണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ആരെയും എതിര്‍ത്ത് തോല്‍പ്പിക്കാനായിരുന്നില്ല രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ. ഭാരതത്തിന്റെ ആത്മാവിനെ ഉണര്‍ത്താനുള്ള ചടങ്ങായിരുന്നു അത്.
അതുവഴി രാജ്യത്തിന് സ്വന്തം കാലില്‍ നില്‍ക്കാനും ലോകത്തെ നയിക്കാനും സാധിക്കുമെന്നും മോഹൻ ഭഗവത് കൂട്ടിച്ചേര്‍ത്തു.