ലൈംഗികാധിക്ഷേപക്കേസ്: ബോബി ചെമ്മണ്ണൂരിന്റെ ജാമ്യഹർജി ഇന്ന് പരിഗണിക്കും, സർക്കാർ എതിർക്കും
Tuesday, January 14, 2025 8:59 AM IST
കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപക്കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകിയത്.
അത്ര ഗുരുതരമായ ആരോപണങ്ങളല്ല തനിക്കെതിരെ ഉളളതെന്നും ചോദ്യംചെയ്യൽ അവസാനിച്ചതിനാൽ ജാമ്യം നൽകണമെന്നും ബോബി ചെമ്മണ്ണൂർ കോടതിയിൽ ആവശ്യപ്പെടും.
അതേസമയം, ഒരേ കുറ്റകൃത്യം തുടർച്ചയായി ആവർത്തിക്കുന്നയാളാണ് പ്രതിയെന്ന് സര്ക്കാര് ഹൈക്കോടതിയിൽ നിലപാട് അറിയിക്കും. ബോബി ചെമ്മണ്ണൂർ അധിക്ഷേപം പതിവാക്കിയ ആളാണ്. സ്ത്രീത്വത്തെ പരസ്യമായി അധിക്ഷേപിക്കുകയാണ്. നടി ഹണി റോസിനെ മാത്രമല്ല പ്രതി ആക്ഷേപിച്ചിട്ടുള്ളത്. അധിക്ഷേപ പരാമർശങ്ങളും ദ്വയാർഥ പ്രയോഗങ്ങളും നിരവധി നടത്തിയിട്ടുണ്ട്. പ്രതിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ ഇന്ന് കോടതിയെ അറിയിക്കും.