ഗോപൻ സ്വാമിയുടെ ദുരൂഹ സമാധി; കല്ലറ തുറക്കുന്നതിൽ തീരുമാനം ഇന്ന്
Tuesday, January 14, 2025 6:55 AM IST
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ കല്ലറ എന്ന് പൊളിക്കണം എന്നത് സംബന്ധിച്ച തീരുമാനം ഇന്ന് ഉണ്ടാകും. സബ് കളക്ടർ ഒ.വി.ആൽഫ്രഡ് ആണ് ഇന്നലെ ഇക്കാര്യം അറിയിച്ചത്. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.
ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് കല്ലറ തിങ്കളാഴ്ച പൊളിക്കാതിരുന്നത്. സംഭവത്തിൽ മതപരമായ വിഷയമുണ്ടാക്കാൻ ജില്ലാ ഭരണകൂടം ശ്രമിക്കുന്നില്ല. ഇതിൽ ഉണ്ടായിട്ടുള്ള അസ്വാഭാവികത പുറത്തുകൊണ്ടുവരിക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗോപൻ സ്വാമി വ്യാഴാഴ്ച രാവിലെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകൻ ആദ്യം പറഞ്ഞത്. എന്നാൽ ഗോപൻ സ്വാമി അതീവ ഗുരുതരാവസ്ഥയിൽ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിന്റെ മൊഴി. ഗോപൻസ്വാമിയെ അപായപ്പെടുത്തിയതാകാമെന്ന നാട്ടുകാരുടെ പരാതിയുമുണ്ട്.