ശബരിമല മകരവിളക്ക് ഇന്ന്; മകരജ്യോതി ദർശനം കാത്ത് ഭക്തസഹസ്രങ്ങൾ
Tuesday, January 14, 2025 6:24 AM IST
ശബരിമല: മലമുകളിൽ തെളിയുന്ന ജ്യോതിയുടെ പുണ്യദർശനത്തിനായി കാത്തിരിക്കുന്നത് ഭക്തസഹസ്രങ്ങളാണ്. ഇന്നു വൈകുന്നേരം ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിൽ തിരുവാഭരണങ്ങൾ ചാർത്തി മഹാദീപാരാധന നടക്കുന്പോൾ പൊന്നന്പലമേട്ടിലാണ് മകരവിളക്ക് തെളിയുന്നത്. മകരജ്യോതിയും സംക്രമനക്ഷത്രവും കണ്ട് ദീപാരാധനയുടെ പുണ്യവും നേടി അയ്യപ്പഭക്തർ മലയിറങ്ങും.
ശബരിമലയിൽ ഏറ്റവുമധികം ഭക്തർ സംഗമിക്കുന്ന ദിനംകൂടിയാണിന്ന്. മകരവിളക്കിനു മുന്നോടിയായുള്ള ശുദ്ധിക്രിയകൾ ഇന്നലെ പൂർത്തിയായി. 19നു രാത്രി വരെ അയ്യപ്പഭക്തർക്ക് ദർശനമുണ്ടാകും. 20നു രാവിലെ നട അടയ്ക്കുന്നതോടെ ഈവർഷത്തെ മണ്ഡലകാലത്തിനു പരിസമാപ്തിയാകും.
അതേസമയം ശബരിമലയില്‍ മകരവിളക്ക് ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷ ഉറപ്പുവരുത്താന്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതായി സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഹൈക്കോടതിയെ അറിയിച്ചു. മകരജ്യോതി വ്യൂ പോയിന്റുകളില്‍ എല്ലായിടത്തും സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളതായി സര്‍ക്കാരും ബോര്‍ഡും വ്യക്തമാക്കി.
തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് രാവിലെ 11ന് നിലയ്ക്കലും ഉച്ചയ്ക്ക് 12ന് പമ്പയിലും തീര്‍ഥാടകര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുടിവെള്ള വിതരണം തടസമില്ലാതെ നടക്കുമെന്ന് ജല അഥോറിറ്റിയും തീര്‍ഥാടകര്‍ക്കായി ബസ് സര്‍വീസുകള്‍ സുഗമമായി നടത്തുമെന്ന് കെഎസ്ആര്‍ടിസിയും ഉറപ്പുനല്‍കി. പാണ്ടിത്താവളത്തെ താത്കാലിക കൗണ്ടറിലും അന്നദാനം തുടങ്ങിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു.