സമസ്തയിൽ സമവായം; തങ്ങളുമായി ചർച്ച നടത്തി ലീഗ് വിരുദ്ധർ
Monday, January 13, 2025 5:26 PM IST
കോഴിക്കോട്: കേക്ക് വിവാദത്തിൽ സമസ്തയിൽ സമവായം. സാദിഖലി ശിഹാബ് തങ്ങളുമായുള്ള വ്യക്തിപരമായ തർക്കങ്ങൾ തീർന്നുവെന്നും തെറ്റിദ്ധാരണ മാറ്റിയെന്നും എസ്വൈഎസ് നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ചർച്ചയ്ക്ക് ക്ഷണിച്ചത് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചില പ്രതികരണങ്ങൾ പാണക്കാട് സാദിഖ് അലി തങ്ങൾക്ക് വിഷമം ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ഉണ്ടായ പ്രശ്നങ്ങൾ നേതാക്കൾക്ക് ഇടയിൽ അകൽച്ച ഉണ്ടാക്കി. ആശയവിനിമയത്തിലുള്ള അപാകതയാണ് ഈ പ്രശ്നങ്ങൾക്ക് കാരണമെന്നും ഹമീദ് ഫൈസി പറഞ്ഞു. തനിക്ക് തങ്ങളുമായുള്ള വ്യക്തിപരമായ തർക്കങ്ങൾ തീർന്നുവെന്നും ഹമീദ് ഫൈസി വ്യക്തമാക്കി.
കേക്ക് വിവാദം മാധ്യമ സൃഷ്ടിയാണ്. തന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു പ്രസ്താവന ഉണ്ടായിട്ടില്ല. ഒരു ചാനലാണ് ഇത് വിവാദമാക്കിയത്. വർഗീയത വളർത്തുന്ന ആളായി തന്നെ ചിത്രീകരിച്ചു. വർഗീയതയുള്ള കാര്യങ്ങൾ സംസാരിച്ചു എന്ന് ആരോപിക്കുന്നവർക്ക് അത് തെളിയിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.