അന്‍വറിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നു; ഉചിതമായ സമയത്ത് തീരുമാനമുണ്ടാകുമെന്ന് സതീശൻ
Monday, January 13, 2025 3:05 PM IST
വയനാട്: പി.വി.അന്‍വറിന്റെ മാപ്പ് സ്വീകരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് അന്‍വര്‍ തെറ്റായ ആരോപണം ഉന്നയിച്ചതെന്ന് താൻ അന്നേ പറഞ്ഞതാണെന്ന് സതീശൻ പ്രതികരിച്ചു.
മുഖ്യമന്ത്രി അറിയാതെ എംഎല്‍എയ്ക്ക് ആരോപണം ഉന്നയിക്കാനാകില്ല. അന്‍വറിന്റെ വെളിപ്പെടുത്തലോടെ അന്നത്തെ ആരോപണം മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിലെ ഉപജാപകസംഘത്തിന്റെയും ഗൂഢാലോചനയാണെന്ന് വ്യക്തമായി.
മുഖ്യമന്ത്രിക്കെതിരായ ആരോപണം പ്രതിരോധിക്കാന്‍ പ്രതിപക്ഷനേതാവിനെതിരേ ആരോപണം കെട്ടിച്ചമയ്ക്കുകയായിരുന്നു. അവര്‍ക്ക് പിടിച്ചുനില്ക്കാന് വേണ്ടിയാണ് അത്തരം ആരോപണങ്ങള്‍ ഉന്നയിച്ചത്. അത് വിജിലന്‍സ് അന്വേഷിച്ച് തള്ളിയതാണെന്നും സതീശൻ പറഞ്ഞു.
അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്നും സതീശന് കൂട്ടിച്ചേർത്തു.
സതീശനെതിരേ 150 കോടി കടത്തിയെന്ന ആരോപണമുന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി പറഞ്ഞിട്ടാണെന്ന് അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ പ്രതിപക്ഷ നേതാവിനോട് അൻവർ മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സതീശന്റെ പ്രതികരണം.