പീച്ചി ഡാം അപകടം: ചികിത്സയിലിരുന്ന ഒരു വിദ്യാർഥിനി കൂടി മരിച്ചു
Monday, January 13, 2025 2:27 PM IST
തൃശൂര്‍: പീച്ചി ഡാം റിസര്‍വോയറില്‍ പെണ്‍കുട്ടികള്‍ വീണുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ചികിത്സയിലായിരുന്ന പട്ടിക്കാട് ചാണോത്ത് പാറാശേരി സജി- സെറീന ദമ്പതികളുടെ മകൾ ആൻ ഗ്രേസ് (16) ആണ് മരിച്ചത്.
ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേയാണ് മരണം. തൃശൂര്‍ സെന്റ് ക്ലെയേഴ്സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനിയാണ്.
നേരത്തെ പട്ടിക്കാട് സ്വദേശിനി അലീന ഷാജന് (16) മരണത്തിനു കീഴടങ്ങിയിരുന്നു. അതേസമയം, പട്ടിക്കാട് സ്വദേശിനി എറിന് (16) അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പീച്ചി സ്വദേശിനി നിമ (13) ഗുരുതരാവസ്ഥ തരണം ചെയ്തെങ്കിലും ചികിത്സയിൽ തുടരുകയാണ്.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പീച്ചി ഡാമിന്റെ പള്ളിക്കുന്ന് അങ്കണവാടിക്ക് താഴെയുള്ള ഭാഗത്താണ് അപകടമുണ്ടായത്. പീച്ചി പുളിമാക്കൽ സ്വദേശിയായ നിമയുടെ വീട്ടിലെത്തിയതായിരുന്നു മറ്റു മൂന്നുപേരും. നാല് പേരേയും നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നു.