ആര്യാടന് ഷൗക്കത്ത് ആരാണ്?; സിനിമയൊക്കെ എടുക്കുന്ന ആളല്ലേയെന്ന് അന്‍വര്‍
Monday, January 13, 2025 1:33 PM IST
തിരുവനന്തപുരം: കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്തിനെതിരെ പരിഹാസവുമായി പി.വി. അന്‍വര്‍. ആര്യാടന് ഷൗക്കത്ത് ആരാണെന്നും സിനിമയൊക്കെ എടുക്കുന്ന ആളല്ലേയെന്നുമായിരുന്നു അന്‍വറിന്റെ ചോദ്യം.
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ വെട്ടാനുള്ള നീക്കമാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അൻവർ. ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർഥിയാക്കിയാൽ പിന്തുണയ്ക്കുമോയെന്ന കാര്യം അപ്പോൾ തീരുമാനിക്കും. തനിക്ക് അദ്ദേഹത്തെ സിനിമ-സാംസ്കാരിക നായകനായിട്ടൊക്കെയേ അറിയുകയുള്ളൂ.
അദ്ദേഹം കഥയെഴുതുകയാണെന്ന് സുഹൃത്തുക്കളൊക്കെ പറയുന്നത്. അങ്ങനെയൊരാളെ ബുദ്ധിമുട്ടിക്കേണ്ട കാര്യമില്ലല്ലോയെന്നും അൻവർ പറഞ്ഞു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ല. യുഡിഎഫിന്റെ സ്ഥാനാർഥിക്ക് നിരുപാധിക പിന്തുണ നല്‍കും.
മലയോര മേഖലയായ നിലമ്പൂരിനെ അറിയുന്ന ആളെ യുഡിഎഫ് സ്ഥാനാർഥിയാക്കണം. പ്രദേശത്ത് ഏറ്റവും പ്രശ്നം നേരിടുന്നത് ക്രൈസ്തവ വിഭാഗമാണെന്നും വി.എസ്.ജോയിയെ സ്ഥാനാർഥി ആക്കണമെന്നും അൻവർ നിർദേശിച്ചു.