ദേശീയപാതയിൽ 18 ടൺ ഗ്യാസുമായി പോയ ടാങ്കർ ലോറി മറിഞ്ഞു
Monday, January 13, 2025 11:08 AM IST
കായംകുളം: ദേശീയപാതയിൽ കായംകുളം കൊറ്റുകുളങ്ങര മസ്ജിദിന് സമീപം പാചക വാതക ടാങ്കർ നിയന്ത്രണം തെറ്റി മറിഞ്ഞു. ടാങ്കറിൽനിന്ന് നിലവിൽ ചോർച്ചയോ മറ്റ് അപകടസാധ്യതകളോ ഇല്ലെന്ന് അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മംഗലാപുരത്തുനിന്നും കൊല്ലം പാരിപ്പള്ളി ഐഒസി പ്ലാന്റിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപെട്ടത്.
18 ടൺ വാതകമാണ് ടാങ്കറിലുണ്ടായിരുന്നത്. ദേശീയപാതയിൽ നിന്നും വാഹനം തെന്നിമാറിയതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ രാജശേഖരൻ പറയുന്നു. ക്യാബിനിൽ നിന്നും വാതകം നിറച്ച ബുള്ളറ്റ് വേർപെട്ട നിലയിലാണ്.
കായംകുളത്തുനിന്നും അഗ്നിരക്ഷാ സേനായുടെ രണ്ട് യൂണിറ്റും സിവിൽ ഡിഫൻസും സ്ഥലത്ത് എത്തിയിട്ടുണ്ട്. പാരിപ്പള്ളി ഐഒസിയിൽ വിദഗ്ധർ എത്തി പരിശോധിച്ച ശേഷം വാതകം മറ്റൊരു വാഹനത്തിലേക്ക് മാറ്റും.