വനിതകൾക്ക് രണ്ടാം ജയം; അയർലൻഡിനെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്
Sunday, January 12, 2025 6:54 PM IST
രാജ്കോട്ട്: അയർലൻഡ് വനിതകൾക്കെതിരായ ഏകദിന പരന്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. രാജ്ക്കോട്ടിൽ നടന്ന രണ്ടാം മത്സരത്തിലും വിജയിച്ചതോടെയാണ് സ്മൃതി മന്ദാനയും സംഘവും പരന്പര സ്വന്തമാക്കിയത്.
ഇന്ന് നടന്ന മത്സരത്തിൽ 116 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 371 റൺസ് പിന്തുടർന്ന അയർലൻഡിന് 254 റൺസ് നേടാനെ സാധിച്ചുള്ളു. 80 റൺസ് നേടിയ വിക്കറ്റ്കീപ്പർ കോൽട്ടെർ റെയ്ലിക്കും 38 റൺസെടുത്ത സാറ ഫോർബ്സിനും മാത്രമാണ് അയർലൻഡ് നിരയിൽ തിളങ്ങാനായത്.
ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശർമ മൂന്ന് വിക്കറ്റെടുത്തു. പ്രിയ മിസ്ര രണ്ടും ടൈറ്റസ് സാധുവും സയാലി സത്ഗരെയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 370 റൺസെടുത്തത്. വെടിക്കെട്ട് സെഞ്ചുറി നേടിയ ജെമീമ റോഡ്രിഗസിന്റെയും (102) അർധ സെഞ്ചുറി നേടിയ ഹർലീൻ ഡിയോൾ (89), സ്മൃതി മന്ഥാന (73), പ്രതിക റാവൽ (67) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
അയർലൻഡിനു വേണ്ടി ഓര്‍ല പ്രെന്‍ഡര്‍ഗാസ്റ്റ്, എർലീൻ കെല്ലി എന്നിവർ രണ്ടു വിക്കറ്റ് വീതവും ജോര്‍ജിന ഡെംപ്സി ഒരു വിക്കറ്റും വീഴ്ത്തി. ബുധനാഴ്ചയാണ് പരന്പരയിലെ അവസാന മത്സരം.