ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; ബുധനാഴ്ച മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്
Sunday, January 12, 2025 3:51 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത. അതേസമയം, അഞ്ചുദിവസത്തെ മഴമുന്നറിയിപ്പ് പ്രകാരം ബുധനാഴ്ച മൂന്നു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, മറ്റു ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത.
ഇന്ന് തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
ചൊവ്വാഴ്ച എല്ലാ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത. വ്യാഴാഴ്ച തിരുവനന്തപുരം മുതൽ മലപ്പുറം വരെ നേരിയതോ മിതമായതോ ആയ മഴയ്ക്കും കോഴിക്കോട് മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
അതേസമയം, ശബരിമലയിലെ പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ മഴയ്ക്കോ ഇടിമിന്നലോടുകൂടിയ മഴയ്ക്കോ സാധ്യതയുണ്ട്.