ജെമീമയ്ക്ക് സെഞ്ചുറി, സ്മൃതിക്കും പ്രതികയ്ക്കും ഹർലീനും അർധസെഞ്ചുറി; അയർലൻഡിനു ജയിക്കാൻ 371
Sunday, January 12, 2025 3:25 PM IST
രാജ്കോട്ട്: അയര്‍ലന്‍ഡ് വനിതകള്‍ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 370 റൺസെടുത്തു.
വെടിക്കെട്ട് സെഞ്ചുറി നേടിയ ജെമീമ റോഡ്രിഗസിന്റെയും (102) അർധസെഞ്ചുറി നേടിയ ഹർലീൻ ഡിയോൾ (89), സ്മൃതി മന്ഥാന (73), പ്രതിക റാവൽ (67) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
രാജ്കോട്ട്, സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഓപ്പണർമാരായ ക്യാപ്റ്റൻ സ്മൃതി മന്ഥാനയും പ്രതിക റാവലും ചേർന്ന് തകർപ്പൻ തുടക്കമാണ് നല്‍കിയത്. ഇരുവരും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 114 പന്തിൽ 156 റൺസ് അടിച്ചെടുത്തു.
19-ാം ഓവറിൽ മന്ഥാനയെ പുറത്താക്കി ഓര്‍ല പ്രെന്‍ഡര്‍ഗാസ്റ്റ് കൂട്ടുകെട്ട് പൊളിച്ചു. രണ്ട് സിക്സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. തൊട്ടടുത്ത പന്തില്‍ പ്രതികയും മടങ്ങി. ജോര്‍ജിന ഡെംപ്സിയുടെ പന്തില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ഒരു സിക്സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്ന പ്രതികയുടെ ഇന്നിംഗ്സ്.
ഇതോടെ രണ്ടിന് 156 റൺസെന്ന നിലയിലായി ഇന്ത്യ. എന്നാൽ പിന്നീട് ക്രീസിൽ ഒന്നിച്ച ജെമീമ റോഡ്രിഗസും ഹർലീൻ ഡിയോളും ചേർന്ന് അയർലൻഡിനെ പഞ്ഞിക്കിട്ടു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 183 റൺസാണ് അടിച്ചുകൂട്ടിയത്.
സ്കോർ 339 റൺസിൽ നില്‍ക്കെ ഹർലീൻ ഡിയോളിനെ പുറത്താക്കി എർലീൻ കെല്ലി അയർലൻഡിന് ആശ്വാസം പകർന്നു. 84 പന്തിൽ 12 ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു ഹർലീന്റെ ഇന്നിംഗ്സ്. പിന്നാലെയെത്തിയ റിച്ച ഘോഷിന് 10 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഇതിനിടെ ജെമീമ സെഞ്ചുറി പൂർത്തിയാക്കി. രണ്ടു റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ താരം പുറത്താകുകയും ചെയ്തു. 91 പന്തിൽ 12 ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു ജെമീമയുടെ സെഞ്ചുറി.
രണ്ടു റൺസുമായി തേജൽ ഹസബ്നിസും സയാലി സത്ഘരെയും പുറത്താകാതെ നിന്നു. അയർലൻഡിനു വേണ്ടി ഓര്‍ല പ്രെന്‍ഡര്‍ഗാസ്റ്റ്, എർലീൻ കെല്ലി എന്നിവർ രണ്ടു വിക്കറ്റ് വീതവും ജോര്‍ജിന ഡെംപ്സി ഒരു വിക്കറ്റും വീഴ്ത്തി.
മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ആദ്യ ഏകദിനം ജയിച്ചിരുന്നു. ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിക്കും. ആദ്യ ഏകദിനം കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങിയത്. ഇതോടെ മലയാളി താരം മിന്നു മണി ഇന്നും പുറത്തിരുന്നു.