ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് മോദിയില്ല; പകരം എസ്. ജയശങ്കര്‍ പങ്കെടുക്കും
Sunday, January 12, 2025 2:54 PM IST
ന്യൂഡൽഹി: യുഎസ് പ്രസിഡന്റായി വീണ്ടും ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പകരം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറായിരിക്കും ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയെന്നും മന്ത്രാലയം അറിയിച്ചു. പുതിയ ഭരണകൂടത്തിലെ പ്രമുഖരുമായി ജയശങ്കര്‍ കൂടിക്കാഴ്ച നടത്തുമെന്നുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഈമാസം 20നാണ് യുഎസിന്റെ 47-ാമത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്നത്. യുഎസ് സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ഥാനാരോഹണ ചടങ്ങ് ആരംഭിക്കുക. ക്യാപിറ്റോൾ മന്ദിരത്തിൽ വെച്ച് നടക്കുന്ന ചടങ്ങ് യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് നയിക്കും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യും.
സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ നിരവധി ലോക നേതാക്കളെ ട്രംപ് ക്ഷണിച്ചതായാണ് റിപ്പോർട്ട്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്, അർജന്റീന പ്രസിഡന്റ് ഹാവിയർ മിലേ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഹംഗറി പ്രസിഡന്റ് വിക്ടർ ഓർബൻ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് എന്നിവരും ചടങ്ങിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.