ചാമ്പ്യൻസ് ട്രോഫി: ഇന്ത്യയ്ക്ക് തിരിച്ചടി; ബുംറ ഗ്രൂപ്പ് മത്സരങ്ങള്‍ക്കില്ല, പാക്കിസ്ഥാനെതിരായ മത്സരവും നഷ്ടമാകും
Sunday, January 12, 2025 12:31 PM IST
മുംബൈ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനായി തയാറെടുക്കുന്ന ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ പരിക്ക്. ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് മത്സരങ്ങളില്‍ താരം കളിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകൾ. ഇതോടെ, പാക്കിസ്ഥാനെതിരായ മത്സരവും താരത്തിനു നഷ്ടമായേക്കും.
ബോർഡർ- ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കിടെയുണ്ടായ പുറംവേദന കാരണം ബുംറയ്ക്ക് വിശ്രമം നൽകാനാണ് തീരുമാനം. ബുംറയുടെ പരിക്ക് ബിസിസിഐ അതീവ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്. ടീമില്‍ ഉള്‍പ്പെടുത്തുന്നതില്‍ വിദഗ്ധ പരിശോധനയ്ക്ക് ശേഷം തീരുമാനമെടുക്കും. നിലവില്‍ അദ്ദേഹം ബംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലാണ്.
മാർച്ച് ആദ്യവാരത്തോടെ മാത്രമേ ബുംറ പൂർണ ഫിറ്റ്നസ് വീണ്ടെടുക്കൂ എന്നാണ് ബിസിസിഐയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കാനുള്ള സമയപരിധി ഇന്നാണ്. എന്നാല്‍ സമയപരിധി നീട്ടണണെന്ന് ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ മാസം അവസാനം ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കാൻ ശനിയാഴ്ച മുംബൈയിൽ സെലക്ടർമാർ യോഗം ചേര്‍ന്നിരുന്നു. യോഗത്തിൽ ബുംറയുടെ ഫിറ്റ്നസും ചര്‍ച്ചയായതായാണ് വിവരം.
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള 15 അംഗ ടീമില്‍ ബുംറയെ ഉള്‍പ്പെടുത്തണോ അതോ ടൂര്‍ണമെന്റിനുള്ള റിസര്‍വ് കളിക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണോ എന്ന കാര്യം സെലക്ടര്‍മാര്‍ പരിഗണിക്കുന്നുണ്ട്. ഫെബ്രുവരി 12 വരെ ടീമുകളിൽ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നതിനാൽ ബുംറയുടെ ഫിറ്റ്നസ് നിരീക്ഷിക്കാൻ സമയം ലഭിക്കും.
ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച എട്ട് ടീമുകള്‍ ഉള്‍പ്പെടുന്ന ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി 19 നാണ് ആരംഭിക്കുന്നത്. കറാച്ചി, റാവല്‍പിണ്ടി, ലാഹോര്‍, ദുബായി എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിയിലാകും നടക്കുക.