ഉത്തർപ്രദേശിൽ റെയില്‍വേ സ്റ്റേഷൻ കെട്ടിടം തകർന്നുവീണു: 20 പേർക്ക് പരിക്ക്
Sunday, January 12, 2025 5:46 AM IST
ലക്നോ: ഉത്തര്‍പ്രദേശിലെ കനൗജ് റെയില്‍വേ സ്റ്റേഷനില്‍ നവീകരണ പ്രവർത്തനങ്ങൾക്കിടെ കെട്ടിടം തകർന്നുവീണു. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്.
23 തൊഴിലാളികളെ അപകടസ്ഥലത്തുനിന്നും രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം നടന്നത്. സ്റ്റേഷനിലെത്തിയ ജനക്കൂട്ടം പൊടിപടലങ്ങൾക്കുള്ളിൽ പെട്ടതോടെ രക്ഷാപ്രവർത്തനം തുടക്കത്തിൽ ഏറെ ദുഷ്കരമായിരുന്നു.
റെയില്‍വേ സ്റ്റേഷനിലെ ആധുനികവത്കരണത്തിന്റെ ഭാഗമായി 35ഓളം തൊഴിലാളികളാണ് നിര്മാണസ്ഥലത്തുണ്ടായിരുന്നത്. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് കനൗജ് നിയോജകമണ്ഡലത്തില്‍നിന്നുള്ള ബിജെപി എംഎല്‍എയും ഉത്തര്‍പ്രദേശിലെ സാമൂഹികക്ഷേമ മന്ത്രിയുമായ അസീം അരുണ്‍ പറഞ്ഞു.