മോഷ്ടാവെന്ന് സംശയം; യുവാവിനെ മരത്തിൽ തലകീഴായി കെട്ടിത്തൂക്കിയിട്ട് മർദിച്ചു
Sunday, January 12, 2025 1:03 AM IST
ജയ്പുർ: ബൈക്ക് മോഷ്ടാവെന്ന് സംശയിച്ച് യുവാവിനെ മരത്തിൽ തലകീഴായി കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. രാജസ്ഥാനിലെ ബാർമർ ജില്ലയിലെ ഗുധ മലാനി പ്രദേശത്തെ ഭഖർപുര ഗ്രാമത്തിലാണ് സംഭവം.
നിരവധി മോഷണക്കേസുകളിലെ പ്രതിയായ ശ്രാവൺ കുമാറിനാണ് മർദനമേറ്റത്. ഡിസംബർ 29 ന് പ്രാദേശിക മേളയ്ക്കിടെ ബൈക്ക് മോഷ്ടിക്കുന്നതിനിടെ ശ്രാവൺ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കുമാർ ജാമ്യത്തിൽ ഇറങ്ങിയ ശ്രാവൺ മറ്റൊരു ബൈക്ക് മോഷ്ടിച്ചതായി ഗ്രാമവാസികൾ ആരോപിച്ചു. വെള്ളിയാഴ്ച ഗ്രാമവാസികൾ ശ്രാവൺ കുമാറിനെ പിടികൂടി കൈകൾ ബന്ധിച്ച് മരത്തിൽ തലകീഴായി കെട്ടിത്തൂക്കി. തുടർന്ന് ഗ്രാമവാസികൾ ഇയാളെ മർദ്ദിച്ചു. മർദനത്തിന്റെ വീഡിയോയും ഇവർ ചിത്രീകരിച്ചിരുന്നു.
ശ്രാവൺ കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 53 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ടെന്നും ഗുഡമലാനി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) സുഖ്റാം ബിഷ്നോയ് പറഞ്ഞു.