ജപ്തി; വീട്ടമ്മ തീകൊളുത്തി ജീവനൊടുക്കിയതിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു
Saturday, January 11, 2025 3:37 PM IST
പട്ടാമ്പി: വീട് ജപ്തി ചെയ്യാനെത്തിയതിനെ തുടര്‍ന്ന് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച വീട്ടമ്മ മരിച്ച സംഭവത്തില്‍ പട്ടാമ്പി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പട്ടാമ്പി കിഴായൂര്‍ കിഴക്കേ പുരക്കല്‍ ജയയാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഇതേത്തുടര്‍ന്ന് ജയയുടെ ഭര്‍ത്താവ് ഉദയന്‍ സ്റ്റേഷനിലെത്തി മൊഴി നല്‍കിയതിന് പിന്നാലെയാണ് പട്ടാമ്പി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുള്ളത്.
കോടതി നടപടി പ്രകാരം ജപ്തി നടപടികള്‍ക്കായാണ് ഷൊര്‍ണൂര്‍ കോ-ഓപ്പറേറ്റിവ് അര്‍ബന്‍ ബാങ്ക് അധികൃതരും, പോലീസും, റവന്യൂ വകുപ്പ് ഉദ്യോസ്ഥരും അടങ്ങുന്ന സംഘം ജയയുടെ വീട്ടില്‍ എത്തിയത്. ഉദ്യോഗസ്ഥരെത്തി ഇക്കാര്യം അറിയച്ചപ്പോള്‍ ജയ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റി. 80 ശതമാനത്തിലേറെ പൊള്ളലേറ്റ് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് മരണം സംഭവിച്ചത്.
2015ലാണ് ജയ ബാങ്കില്‍ നിന്നും രണ്ട് ലക്ഷം രൂപ വായ്പയായി എടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ കുടിശികയടക്കം നലേമുക്കാല്‍ ലക്ഷം രൂപയായി. തുടര്‍ന്ന് ബാങ്ക് കോടതിയുടെ അനുമതിയോടുകൂടി ജപ്തി നടപടികള്‍ സ്വീകരിക്കുകയായിരുന്നു.