മാപ്പ് അർഹിക്കുന്നില്ല; രാഹുൽ ഈശ്വറിനെതിരെ പോലീസിൽ പരാതി നൽകി ഹണി റോസ്
Saturday, January 11, 2025 12:33 PM IST
കൊച്ചി: സാമൂഹിക നിരീക്ഷകന് രാഹുല്‍ ഈശ്വറിനെതിരെ പോലീസില്‍ പരാതി നല്കി നടി ഹണി റോസ്. വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ കൊടുത്ത ലൈംഗികാധിക്ഷേപ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിക്കാനും ബോധപൂര്‍വം ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് പരാതി നല്‍കിയിരിക്കുന്നത്.
വസ്ത്ര സ്വാതന്ത്ര്യം തന്റെ മൗലികാവകാശമാണെന്നിരിക്കെ രാഹുല്‍ ഈശ്വര്‍ അതിനെതിരെ അനാവശ്യ പ്രചരണം നടത്തി. സൈബർ ഇടങ്ങളിൽ ആളുകള്‍ തനിക്കെതിരെ തിരിയാൻ ഇത് കാരണമായി. താനും കുടുംബവും കടന്നു പോകുന്നത് കടുത്ത മാനസിക സംഘർഷത്തിലൂടെയാണെന്നും സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഹണി റോസ് വ്യക്തമാക്കി.
ഹണി റോസിന്റെ കുറിപ്പില്‍ നിന്നും
രാഹുല്‍ ഈശ്വര്‍, ഞാനും എന്റെ കുടുംബവും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. അതിന് പ്രധാന കാരണക്കാരില്‍ ഒരാള്‍ ഇപ്പോള്‍ താങ്കളാണ്. ഞാന്‍ എനിക്കെതിരെ പബ്ലിക് പ്ലാറ്റ്ഫോമില്‍ പകല്‍ പോലെ വ്യക്തമായ അധിക്ഷേപത്തിന് എതിരെ പരാതി കൊടുത്തു.
പോലീസ് എന്റെ പരാതിയില്‍ കാര്യം ഉണ്ടെന്നുകണ്ട് കേസെടുക്കുകയും കോടതി ഞാന്‍ പരാതി കൊടുത്ത വ്യക്തിയെ റിമാന്‍ഡില്‍ ആക്കുകയും ചെയ്തു. പരാതി കൊടുക്കുക എന്നതാണ് ഞാന്‍ ചെയ്യേണ്ട കാര്യം. ബാക്കി ചെയ്യേണ്ടത് ഭരണകൂടവും പോലീസും കോടതിയുമാണ്.
ഞാന്‍ കൊടുത്ത പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം എന്റെ നേരെ തിരിയാനും എന്ന ഉദ്ദേശത്തോടെ സൈബര്‍ ഇടത്തില്‍ ഒരു ഓര്‍ഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയും ആണ് രാഹുല്‍ ഈശ്വര്‍ ചെയ്യുന്നത്.
ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍, ഇന്ത്യന്‍ ഭരണ ഘടന വസ്ത്രധാരണത്തില്‍ ഒരു വ്യക്തിക്ക് തെരഞ്ഞെടുപ്പ് നടത്താനുള്ള സ്വാതന്ത്ര്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടന ഒരു വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശവും നല്‍കിയിട്ടുണ്ട്. ഇതിനെ നിയന്ത്രിക്കുന്ന നിബന്ധനകളൊന്നും ഇന്ത്യന്‍ പീനല്‍ കോഡില്‍ ഇല്ല.