അയർലൻഡിനെ പിടിച്ചു കെട്ടി; ഇന്ത്യയ്ക്ക് അനായാസ ജയം
Friday, January 10, 2025 6:34 PM IST
രാജ്കോട്ട്: അയർലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് ആറു വിക്കറ്റിന്റെ തകർപ്പൻ ജയം. സ്കോർ: അയർലൻഡ് 238/7, ഇന്ത്യ 241/4(34.4). ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അയര്‍ലന്‍ഡ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സാണ് നേടിയത്.
92 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഗാബി ലെവിസാണ് ടോപ് സ്കോറര്‍. 59 റൺസ് നേടി ലിയ പോൾ മികച്ച പ്രകടനം പുറത്തെടുത്തു. ഒരു ഘട്ടത്തില്‍ നാലിന് 56 എന്ന നിലയിൽ കൂട്ടതകർച്ച നേരിട്ട ഐറിഷ് പടയെ കരകയറ്റിയത് ലെവിസ് - ലിയാ സഖ്യമാണ്.
ഇരുവരും അഞ്ചാം വിക്കറ്റിൽ 117 റണ്‍സ് കൂട്ടിചേര്‍ത്തു. ഇന്ത്യയ്ക്കായി പ്രിയ മിശ്ര രണ്ടും തിദാസ് സദു, സയാലി സത്ഗാരെ, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 34.3 ഓവറില്‍ ലക്ഷ്യം മറികടന്നു.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സ്മൃതി മന്ദാന (41) - പ്രതിക സഖ്യം 70 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 89 റണ്‍സ് നേടിയ പ്രതിക റാവലാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. തെജല്‍ ഹസബ്നിസ് (53) പുറത്താവാതെ നിന്നു.
അയർലൻഡിനായി ഐമി മഗ്വയർ മൂന്നും ഫ്രേയ സാർജന്റ് ഒരു വിക്കറ്റും വീഴ്ത്തി. പ്രതിക റാവലിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 മുന്നിലെത്തി.