വിഭാഗീയ പ്രവർത്തനം നടത്തുന്നവർ പടിക്കു പുറത്ത് ; മുന്നറിയിപ്പുമായി പിണറായി
Friday, January 10, 2025 6:04 PM IST
ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ വിഭാഗീയ പ്രവർത്തനം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിൽ വിഭാഗീയത അവസാനിച്ചിട്ടില്ല. വിഭാഗീയത നടത്തുന്നവരെ പുറത്താക്കുമെന്നും ഇവർക്ക് ഏതെങ്കിലും നേതാവിന്റെ പിന്തുണ കിട്ടുമെന്ന് വിചാരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിനിധി സമ്മേളനത്തിലാണ് മുഖ്യമന്ത്രി നിലപാട് പ്രഖ്യാപിച്ചത്. പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കിന് കാരണം നേതാക്കന്മാര് തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ്. മുകളില്‍ നിന്ന് ആരും സംരക്ഷിക്കാന്‍ ഇല്ലാഞ്ഞിട്ടും വിഭാഗീയ പ്രവര്‍ത്തനം തുടരുന്നത് അംഗീകരിക്കാനാകില്ല.
കുട്ടനാട്, കായംകുളം, അമ്പലപ്പുഴ തുടങ്ങിയ ഏരിയാകളിലെ വിഭാഗീയത എടുത്തു പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെ വോട്ടുചോര്‍ന്നു എന്ന കാര്യം സംഘടനാ തലത്തില്‍ പരിശോധന നടത്തുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്നും പിണറായി പറഞ്ഞു.