ജാമ്യവ്യവസ്ഥ ലംഘിച്ചു; പി.കെ.ഫിറോസിന് അറസ്റ്റ് വാറന്റ്
Friday, January 10, 2025 4:33 PM IST
തിരുവനന്തപുരം: ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശയാത്ര നടത്തിയതിന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസിന് അറസ്റ്റ് വാറന്റ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.എം.സുജയാണു വാറന്റ് പുറപ്പെടുവിച്ചത്.
മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ടു പ്രതിപക്ഷ യുവജന സംഘടനകള്‍ നിയമസഭയിലേക്കു നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണു ഫിറോസ്. ജാമ്യം അനുവദിച്ചപ്പോൾ കോടതി ഉത്തരവില്‍ പറഞ്ഞ പാസ്പോര്‍ട്ട് സറണ്ടര്‍ എന്ന ജാമ്യവ്യവസ്ഥ ലംഘിച്ചതിനാലാണ് വാറന്റ്.
വിലക്ക് ലംഘിച്ച് പി.കെ.ഫിറോസ് വിദേശത്തേക്ക് പോയെന്ന് പോലീസ് കോടതിയെ അറിയിക്കുകയായിരുന്നു. അഭിഭാഷകനെയടക്കം വിളിച്ചുവരുത്തി ഫിറോസ് എവിടെയെന്ന് കോടതി ചോദിച്ചു.
ഇതിന് ഉത്തരമായി അഭിഭാഷകൻ തന്നെയാണ് ഫിറോസ് തുർക്കിയിലാണെന്ന് വെളിപ്പെടുത്തിയത്. ഇതോടെയാണ് കോടതി ഫിറോസിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.