വഴിയടച്ചുള്ള സമരം; കോടതിയില്‍ ഹാജരാകുമെന്ന് ബിനോയ് വിശ്വം
Friday, January 10, 2025 12:10 PM IST
തിരുവനന്തപുരം: വഴിയടച്ചുള്ള സമരം നടത്തിയ സംഭവത്തില്‍ ഹൈക്കോടതി നിര്‍ദേശമനുസരിച്ച് കോടതിയില്‍ ഹാജരാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മനഃപൂര്‍വം സംഭവിച്ചതല്ല. ജനങ്ങള്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ജനങ്ങള്‍ക്കാണ് ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടതെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കറിയാം. കോടതി വിധിയെ മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുഗതാഗതം തടസപ്പെടുത്തി റോഡിൽ പന്തൽ കെട്ടിയ സംഭവത്തിൽ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് പ്രതികരണം.
സിപിഎം, സിപിഐ, കോണ്‍ഗ്രസ് നേതാക്കളോടാണ് കോടതി നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടത്. വഴിയടച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ ജോയിന്റ് കൗണ്‍സിൽ നടത്തിയ സമരത്തിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉൾപ്പെടെയുള്ള നേതാക്കൾ ഫെബ്രുവരി പത്തിന് നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചത്.