ഭാവഗായകന് മലയാളത്തിന്റെ അന്ത്യാഞ്ജലി; സംഗീത നാടക അക്കാദമിയിൽ പൊതുദർശനം
Friday, January 10, 2025 11:46 AM IST
തൃശൂർ: മലയാളത്തിന്റെ ഭാവഗായകന് അന്ത്യാഞ്ജലിയർപ്പിച്ച് കലാകേരളം. സംഗീത നാടക അക്കാദമി ഹാളിൽ പൊതുദർശനം പുരോഗമിക്കുകയാണ്. വിവിധ മേഖലകളിലെ പ്രമുഖരടക്കം നൂറുകണക്കിനാളുകളാണ് പ്രിയഗായകനെ ഒരുനോക്കു കാണാനെത്തുന്നത്.
മന്ത്രിമാരായ ആർ. ബിന്ദു, കെ. രാജൻ, പി. ബാലചന്ദ്രൻ എംഎൽഎ, മുൻമന്ത്രി വി.എസ്. സുനിൽകുമാർ, ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
രാവിലെ പി. ജയചന്ദ്രന്റെ മൃതദേഹം പൂങ്കുന്നത്തെ ചക്കാമുക്ക്, തോട്ടേക്കാട് ലൈൻ തറവാട് വീട്ടിൽ (മണ്ണത്ത് ഹൗസ്) എത്തിച്ചിരുന്നു. ഇതിനുശേഷമാണ് സംഗീതനാടക അക്കാദമിയിലെത്തിച്ചത്. പൊതുദർശനത്തിനു ശേഷം ഉച്ചകഴിഞ്ഞു രണ്ടോടെ മൃതദേഹം വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരും. ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ 12 വരെ ചേന്ദമംഗലം പാലിയം തറവാട്ടിൽ പൊതുദർശനം ഉണ്ടാകും.
തുടർന്ന് വൈകുന്നേരം 3.30ന് പറവൂർ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തിലാകും സംസ്കാര ചടങ്ങുകൾ നടക്കുക.