രണ്ടാംദിനവും സ്വര്‍ണവില മുകളിലേക്ക്; വീണ്ടും 58,000 കടന്നു
Thursday, January 9, 2025 11:07 AM IST
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിനവും സ്വർണവില ഉയർന്നു. ഇന്ന് പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 58,080 രൂപയിലും ഗ്രാമിന് 7,260 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 25 രൂപ വർധിച്ച് 5,990 രൂപയിലും പവന് 200 രൂപ വർധിച്ച് 47,920 രൂപയിലുമെത്തി.
മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം ബുധനാഴ്ച സ്വർണവില 80 രൂപ ഉയർന്നിരുന്നു. പുതുവർഷാരംഭം മുതൽ തുടര്‍ച്ചയായ മൂന്ന് ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടായതിന് ശേഷം ആദ്യമായി ശനിയാഴ്ചയാണ് വിലയില്‍ ഇടിവുണ്ടായത്. അന്ന് 58,000ല്‍ താഴെ എത്തിയ സ്വർണവിലയാണ് രണ്ടുദിവസംകൊണ്ടു തിരിച്ചുകയറിയത്.
ഡിസംബർ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 11ന് 58,280 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. 20 ന് 56,320 രൂപയായി താഴ്ന്നതാണ് ഡിസംബർ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.
രാജ്യാന്തര വിപണിയിലെ വിലവ്യത്യാസങ്ങളാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്. ഒരുവേള ഔൺസിന് 2,630 ഡോളർ നിലവാരത്തിൽ നിന്ന് ബുധനാഴ്ച 2,651 ഡോളറിലേക്ക് കയറിയ രാജ്യാന്തരവില ഇപ്പോഴുള്ളത് 2,647 ഡോളറിലാണ്.
അതേസമയം, വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 97 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.