"ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കില്ല': വിസ്മയ കേസിൽ സുപ്രീം കോടതിയെ സമീപിച്ച് കിരൺ കുമാർ
Thursday, January 9, 2025 10:28 AM IST
കൊല്ലം: വിസ്മയ കേസിൽ തനിക്കെതിരായ ശിക്ഷാവിധി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരൺ കുമാർ. തനിക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കില്ല. വിസ്മയയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ലെന്നും മാധ്യമ വിചാരണയുടെ ഇരയാണ് താനെന്നും കിരൺകുമാർ ഹർജിയിൽ പറയുന്നു.
പത്തു വർഷം ശിക്ഷ വിധിച്ച വിചാരണക്കോടതി വിധിക്കെതിരേ കിരൺ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇതിൽ രണ്ട് വർഷമായിട്ടും തീരുമാനാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ ഹർജി നല്‍കിയത്.
2021 ജൂണിലാണ് കൊല്ലം സ്വദേശിനിയായ വിസ്മയയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭർത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും കിരൺ കുമാറിനെ പ്രതിയാക്കുകയും ചെയ്തു.
10 വർഷത്തെ തടവാണ് കോടതി കിരണിന് വിധിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന കിരണ്‍ പരോളിന് ആദ്യം അപേക്ഷ നൽകിയെങ്കിലും പ്രൊബേഷൻ റിപ്പോർട്ടും പോലീസ് റിപ്പോർട്ടും എതിരായതിനാൽ ജയിൽ സൂപ്രണ്ട് അപേക്ഷ തള്ളി. കിരൺ വീണ്ടും അപേക്ഷ നൽകിയപ്പോള് പോലീസ് റിപ്പോർട്ട് എതിരായിരുന്നുവെങ്കിലും പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായതിനാൽ കിരണിന് 30 ദിവസത്തെ പരോള്‍ ജയിൽ മേധാവി അനുവദിക്കുകയായിരുന്നു.