ഗപ്റ്റിൽ കളമൊഴിഞ്ഞു; അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് കിവീസ് സൂപ്പർതാരം
Thursday, January 9, 2025 9:19 AM IST
ഓക്ലൻഡ്: ന്യൂസിലൻഡ് വെടിക്കെട്ട് ബാറ്റർ മാർട്ടിൻ ഗപ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. അതേസമയം, ട്വന്റി20 ലീഗുകളിൽ തുടരുമെന്ന് 38കാരനായ താരം അറിയിച്ചു. തന്റെ കരിയറില്‍ ന്യൂസിലന്‍ഡിനായി 23 സെഞ്ചുറികള്‍ ഉള്‍പ്പെടെ 12,000 റണ്‍സ് ഗപ്റ്റില്‍ നേടിയിട്ടുണ്ട്.
198 ഏകദിനങ്ങളിൽ 18 സെഞ്ചുറികളും 50 അർധസെഞ്ചുറികളുമടക്കം 41.73 ശരാശരിയിൽ 7346 റൺസാണ് ഗപ്റ്റിൽ അടിച്ചുകൂട്ടിയത്. 18 സെഞ്ചുറികളും 39 അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു.
ഏകദിനത്തിൽ ഇരട്ട ശതകം നേടിയ ആദ്യ ന്യൂസിലൻഡ് താരവുമാണ്. ഒരു ലോകകപ്പ് മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന റിക്കാര്‍ഡ് താരത്തിന്റെ പേരിലാണ്.2015 ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താകാതെ 237 റണ്‍സ് താരം അടിച്ചുകൂട്ടിയിരുന്നു.
2009 നും 2016നുമിടയിൽ 47 ടെസ്റ്റുകളിൽ ന്യൂസിലൻഡിനായി പാഡണിഞ്ഞ താരം 29.38 ശരാശരിയിൽ 2586 റൺസാണ് നേടിയത്. മൂന്നു സെഞ്ചുറികളും 17 അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു.
122 ട്വന്റി20 മത്സരങ്ങളിൽനിന്നായി കിവീസിനായി 31.81 ശരാശരിയിൽ 3531 റൺസും നേടി. നിലവില്‍ ട്വന്റി20യില്‍ ന്യൂസിലന്‍ഡിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് ഗപ്റ്റില്‍. രണ്ടു സെഞ്ചുറികളും 20 അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു.