മണ്ഡല-മകരവിളക്ക്; ശബരിമലയിൽ ഇതുവരെ എത്തിയത് 40,90000 അയ്യപ്പഭക്തർ
Wednesday, January 8, 2025 10:09 PM IST
പമ്പ: ഈ വർഷത്തെ മണ്ഡല - മകരവിളക്ക് സീസണിൽ ഇതുവരെ ഏകദേശം 40,90000 അയ്യപ്പഭക്തർ ശബരിമല ദർശനം നടത്തിയതായി ശബരിമല എഡിഎം അരുൺ എസ്. നായർ അറിയിച്ചു. പ്രതിദിനം 90000ന് മുകളിൽ അയ്യപ്പഭക്തർ എത്തിയിട്ടുണ്ട്. അതിൽ പല ദിവസങ്ങളിലെയും കണക്ക് ഒരു ലക്ഷത്തിന് മുകളിലാണ്.
മകരവിളക്ക് മഹോത്സവത്തിന് ആറ് ദിവസം മാത്രമാണ് ഇനിയുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ ഭക്തജനത്തിരക്കുണ്ടായി. കൂടുതൽ ഭക്തർ എത്തിയാലും അവർക്ക് സുഗമമായ ദർശനം ഒരുക്കുന്നതിനുള്ള സാഹചര്യമാണ് ശബരിമലയിൽ സജ്ജമാക്കിയിട്ടുള്ളതെന്നും എഡിഎം പറഞ്ഞു.
പോലീസ് ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളും ആത്മാർദ്ധമായ സേവനമാണ് ശബരിമലയിൽ അനുഷ്ഠിക്കുന്നത്. മകരവിളക്ക് മഹോത്സവ ദിവസവും അതിന് മുൻപുള്ള രണ്ട് ദിവസങ്ങളിലും ഹൈക്കോടതിയുടെ നിർദേശപ്രകാരം വെർച്ച്വൽ ക്യൂവിന്റെയും സ്പോട്ട് ബുക്കിങ്ങിന്റെയും എണ്ണത്തിൽ നിയന്ത്രണം വരുത്തും.
ഭക്തജന തിരക്ക് നിയന്ത്രിച്ച് സുരക്ഷിതമായ ദർശനം സാധ്യമാക്കുകയാണ് ലക്ഷ്യം. ഹൈക്കോടതി നിർദേശപ്രകാരമായിരിക്കും മകരവിളക്ക് സമയത്തെ സന്ദർശനത്തിനുള്ള ക്രമീകരണങ്ങളെന്നും എഡിഎം അറിയിച്ചു.