കലോത്സവം കൊടിയിറങ്ങി; കാൽ നൂറ്റാണ്ടിനുശേഷം സ്വർണക്കപ്പുയർത്തി തൃശൂർ
Wednesday, January 8, 2025 8:07 PM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയിറങ്ങി. തൃശൂർ ജില്ലയാണ് 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സ്വർണ കപ്പ് ഉയർത്തിയത്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരങ്ങളായ ടോവിനോ തോമസ്, ആസിഫലി എന്നിവര്‍ മുഖ്യാതിഥികളായി. മന്ത്രി ജി. ആര്. അനില്‍ അധ്യക്ഷനായി.
സമാപന സമ്മേളനത്തിൽ 62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെയും 2024 സംസ്ഥാന സ്കൂള്‍ കായികമേളയുടെയും മാധ്യമ പുരസ്കാര വിതരണവും മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തി. എംപിമാരുംഎംഎല്എമാരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവ കിരീടം തൃശൂരാണ് സ്വന്തമാക്കിയത്. 1008 പോയിന്റുമായാണ് തൃശൂർ സ്വർണക്കപ്പ് സ്വന്തമാക്കിയത്. പാലക്കാടിനാണ് രണ്ടാം സ്ഥാനം. കണ്ണൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സ്ളുകളിൽ ആലത്തൂർ ഗുരുകുലം എച്ച്എസ്എസ് പന്ത്രണ്ടാം തവണയും ചാന്പ്യൻമാരായി. നാലുദിവസമായി മുന്നിട്ടു നിന്ന കണ്ണൂരിനെ മലർത്തിയടിച്ചാണ് തൃശൂർ കപ്പുയർത്തുന്നത്. കാൽ നൂറ്റാണ്ടിനുശേഷമാണ് കലാകിരീടം തൃശൂരിന്റെ മണ്ണിലേക്ക് എത്തുന്നത്. 1999ലെ കൊല്ലം കലോത്സവത്തിലാണ് തൃശൂർ അവസാനമായി കപ്പ് നേടിയത്.