ആരോഗ്യ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്
Wednesday, January 8, 2025 5:33 PM IST
കൊച്ചി: ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന് ഖൊബ്രഗഡെയ്ക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്. ഈ മാസം 20ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ പോലീസിന് ഡിവിഷന് ബെഞ്ച് നിര്‍ദേശം നൽകി.
ഭിന്നശേഷിക്കാരനായ ഡോക്ടര്‍ക്ക് പ്രൊമോഷന് നല്‍കണമെന്ന ഉത്തരവിറക്കാത്തതിലാണ് കടുത്ത നടപടി. ആരോഗ്യവിഭാഗം അസി. ഡയറക്ടര്‍ ഡോ. ബി ഉണ്ണികൃഷ്ണന് നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നടപടി.
2023ലായിരുന്നു ഡോ. ഉണ്ണികൃഷ്ണന് നിയമനം നല്‍കണമെന്ന ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി. ഇതിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീലും പുനഃപരിശോധനാ ഹര്‍ജിയും സുപ്രീംകോടതി തള്ളി. തുടര്‍ന്നാണ് ഉത്തരവിറക്കാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഹൈക്കോടതി ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയത്.
എന്നാല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ് മറികടന്ന് ആരോഗ്യ വകുപ്പ് മറ്റൊരു തീരുമാനമെടുത്തു. ഉത്തരവ് റദ്ദാക്കി ഡോ. ബി ഉണ്ണികൃഷ്ണന് അനുകൂല തീരുമാനമെടുക്കണമെന്ന ഉത്തരവ് ആരോഗ്യ വകുപ്പ് സ്വീകരിച്ചില്ല. തുടര്‍ന്നാണ് കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഡിവിഷന് ബെഞ്ച് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.