പെരിയ കേസ് രാഷ്ട്രീയപ്രേരിതം; പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി
Wednesday, January 8, 2025 3:37 PM IST
കാസര്‍ഗോഡ്: പെരിയ കേസുമായി സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്. കൊലപാതകത്തിലും ഗൂഢാലോചനയിലും സിപിമ്മിന് പങ്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് വരുത്തിതീര്‍ക്കാനാണ് സിബിഐ ശ്രമിച്ചത്. പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി വിധിയോടെ കേസിൽ കള്ളമൊഴി കൊടുത്തിട്ടുണ്ടെന്ന് തെളിഞ്ഞെന്നും അദ്ദേഹം ആരോപിച്ചു.
പെരിയ ഇരട്ടക്കൊലക്കേസിൽ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് പ്രതികരണം. മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമൻ, മണികണ്ഠൻ, രാഘവൻ വെളുത്തോളി, ഭാസ്കരൻ വെളുത്തോളി എന്നിവരുടെ ശിക്ഷയാണ് സ്റ്റേ ചെയ്തത്.
അഞ്ച് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ് അപ്പീൽ നൽകിയത്. ഇവരുടെ അഞ്ച് വർഷത്തെ കഠിന തടവ് ശിക്ഷയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.