പെരിയ കേസ്: സിപിഎം നേതാക്കളുടെ ശിക്ഷ സ്റ്റേ ചെയ്തതിൽ ആശങ്കയെന്ന് ശരത് ലാലിന്റെ പിതാവ്
Wednesday, January 8, 2025 2:13 PM IST
കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഎം നേതാക്കളുടെ ശിക്ഷാവിധി ഹൈക്കോടതി സ്റ്റേ ചെയ്ത നടപടിയിൽ ആശങ്കയുണ്ടെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യനാരായണൻ . സർക്കാർ സംവിധാനം പ്രതികളുടെ കൂടെയാണ്. സാക്ഷികളെ അപായപ്പെടുത്തുമോ എന്നും ആശങ്ക ഉണ്ടെന്നും നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമൻ, മണികണ്ഠൻ, രാഘവൻ വെളുത്തോളി, ഭാസ്കരൻ വെളുത്തോളി എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. അഞ്ചു വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ് അപ്പീൽ നൽകിയത്. ഇവരുടെ അഞ്ച് വർഷത്തെ കഠിന തടവ് ശിക്ഷയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
കേസിലെ ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ. പീതാംബരൻ, സജി സി. ജോർജ്, കെ.എം. സുരേഷ്, കെ. അനിൽകുമാർ, ഗിജിൻ, ആർ. ശ്രീരാഗ്, എ. അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ. സുരേന്ദ്രൻ എന്നിവർക്ക് ഇരട്ട ജീവപര്യന്തവും മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമൻ അടക്കം നാല് സിപിഎം നേതാക്കൾക്ക് അഞ്ച് വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതി എ.പീതാംബരൻ ഉൾപ്പടെ 10 പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.
പെരിയയിലെ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും 2019 ഫെബ്രുവരി 17 നു കൊലപ്പെടുത്തിയ കേസിലാണ് കോടതി ഇവരെ ശിക്ഷിച്ചത്.