നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു; ഇപ്പോൾ സന്തോഷവും സമാധാനവും: ഹണി റോസ്
Wednesday, January 8, 2025 1:10 PM IST
കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെ നടപടി എടുത്തതില്‍ സന്തോഷമുണ്ടെന്ന് നടി ഹണി റോസ്. പരാതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചിരുവെന്നും എത്രയും വേഗം നടപടി ഉണ്ടാകുമെന്നു മുഖ്യമന്ത്രി പറഞ്ഞുവെന്നും അവര്‍ കൂട്ടിച്ചേർത്തു.
പരാതിയില്‍ വേഗത്തില്‍ നടപടി വന്നത് ഏറെ ആശ്വാസകരമാണ്. ആര്‍ക്കും എന്തും പറയാമെന്നതിന് മാറ്റം വരുമെന്നുറപ്പായി. ഇപ്പോള്‍ അതിയായ സന്തോഷവും സമാധാനവും തോന്നുന്നുണ്ടെന്നും ഹണി റോസ് മാധ്യമങ്ങളോട് പറഞ്ഞു.
തുടര്‍ച്ചയായി സൈബര്‍ ആക്രമണം ഉണ്ടായപ്പോള്‍ ആവര്‍ത്തിക്കരുത്, ആവര്‍ത്തിക്കരുത് എന്ന് പറഞ്ഞിട്ടും ഇതിലും മോശമായ രീതിയില്‍ ആവര്‍ത്തിക്കുകയാണ് ഉണ്ടായത്. അപ്പോള്‍ മുതല്‍ ഇത് പണത്തിന്റെ ഹുങ്ക് ആണ്, വെല്ലുവിളിയാണെന്ന് എനിക്ക് തോന്നി. അപ്പോഴാണ് എല്ലാത്തിനും ഒരു അവസാനം വേണം. അതുകൊണ്ടാണ് ഒരു യുദ്ധത്തിനായി ഇറങ്ങാമെന്ന് തീരുമാനിച്ചതെന്ന് ഹണി റോസ് പറഞ്ഞു.
ഇവിടെ ഒരു നിയമമുണ്ട്. എന്നാല്‍ ഇയാള്‍ തുടര്‍ച്ചയായി പിന്നാലെ കൂടി ക്രിമിനല്‍ പ്രവര്‍ത്തി ചെയ്യുകയായിരുന്നു. ഒടുവില്‍ ഇത് നിര്‍ത്തണം എന്ന ആഗ്രഹത്തോടെയാണ് ഞാനും കുടുംബവും തീരുമാനം എടുത്ത് ഇതിനെതിരെ നീങ്ങിയത്. എല്ലാവരും ചേര്‍ന്ന് എടുത്ത തീരുമാനത്തിലാണ് കേസ് കൊടുത്തത്.
ഇത്തരം അനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ മുഖ്യമന്ത്രിയുമായി സംസാരിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നു. അതനുസരിച്ച് ചൊവ്വാഴ്ച മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ അവസരം കിട്ടി. അപ്പോള്‍ തനിക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ പറഞ്ഞു. കുടുംബത്തിന് ഉണ്ടായ പ്രയാസങ്ങളും പറഞ്ഞു.നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. കാര്യക്ഷമമായ സംവിധാനം ഉള്ളതുകൊണ്ടാണ് ഇത്രയും പെട്ടെന്ന് കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചതെന്നും ഹണി റോസ് കൂട്ടിച്ചേര്‍ത്തു.
ഹണി റോസിന്റെ പരാതിയില്‍ ഇന്നു രാവിലെയാണ് വയനാട്ടിലെ റിസോർട്ടിൽ വച്ച് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യും.