കർണാടകത്തിലേക്കുള്ള യാത്രാക്കൂലി കെഎസ്ആർടിസി ഉടൻ കൂട്ടും
Tuesday, January 7, 2025 9:30 PM IST
ചാത്തന്നൂർ: കർണാടകത്തിലേക്കുള്ള യാത്രാക്കൂലി 16.5 ശതമാനം വരെ കെഎസ്ആർടിസി വർധിപ്പിക്കും. ഉടൻതന്നെ നിരക്ക് വർധന പ്രാബല്യത്തിൽ വരും. കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ ഞായറാഴ്ച അർധരാത്രി മുതൽ വർധിപ്പിച്ച നിരക്കാണ് യാത്രക്കാരിൽനിന്നും ഈടാക്കുന്നത്. കെഎസ്ആർടിസിയും ഉടൻനിരക്ക് വർധിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.
കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ അവരുടെ ബസുകളിൽ 14 മുതൽ 16.5 ശതമാനം വരെ നിരക്ക് വർധിപ്പിച്ചു. ഞായറാഴ്ച അർധരാത്രി മുതൽ ഇത് പ്രാബല്യത്തിലാക്കി. ഓർഡിനറി ബസുകളിലാണ് 14 ശതമാനം വർധന.
അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്ന രാജ ഹംസ, നോൺ എസി സ്ലീപ്പർ, ഐരാവത് , മൾട്ടി ആക്സിൽ ബസുകൾ, കൊറോണ സ്ലീപ്പറുകൾ , ഫ്ലൈബസ്, അംബാരി തുടങ്ങിയ ആഡംബര അന്തർ സംസ്ഥാന സർവീസുകൾക്ക് ബസിന്റെ ക്ലാസ് അനുസരിച്ചാണ് 16.5 ശതമാനം വരെ വർധന. ഇത്തരം ആഡംബര അന്തർ സംസ്ഥാന സർവീസുകൾ കേരളത്തിലും സർവീസ് നടത്തുന്നുണ്ട്.
കർണാടകത്തിനുള്ളിലെ നിരക്ക് വർധന കേരളത്തിന് ബാധകമല്ലെങ്കിലും അന്തർ സംസ്ഥാന സർവീസുകൾക്ക് ഇത് ബാധകമാണ്. വിവിധ സംസ്ഥാനങ്ങളിലെ റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ തമ്മിലുള്ള ധാരണയാണ് ഇത്.
ഇതനുസരിച്ച് കർണാടക സ്റ്റേറ്റ് ട്രാൻസ് പോർട്ട് കോർപ്പറേഷൻ കേരളത്തിലെക്കുള്ള സർവീസുകൾക്ക് നിശ്ചയിച്ചിട്ടുള്ള നിരക്ക് കർണാടകയിലേക്കുള്ള കെഎസ്ആർടിസിയും ഈടാക്കണം. എന്നാൽ കേരളത്തിനകത്ത് കെ എസ് ആർടിസിയുടെ മറ്റ് സർവീസുകൾക്ക് ഇത് ബാധകമല്ല.
തിരുവനന്തപുരത്തു നിന്നും കർണാടക അതിർത്തിയായ തലപ്പാടി വരെ പോകുന്നതിന് കെ എസ് ആർടിസിയിൽ കേരളത്തിലെ യാത്രാ നിരക്ക് അനുസരിച്ചുള്ള ടിക്കറ്റ് ചാർജായിരിക്കും. എന്നാൽ മംഗലാപുരത്തേയ്ക്കുള്ള ടിക്കറ്റ് ആണെങ്കിൽ അതിന് കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ നിശ്ചയിച്ചിട്ടുള്ള ടിക്കറ്റ് നിരക്കായിരിക്കും. കർണാടകത്തിനുള്ളിൽ കടന്നാൽ കെഎസ്ആർടിസിയും അവിടത്തെ പുതിയ നിരക്കനുസരിച്ച് ടിക്കറ്റ് ചാർജ് ഈടാക്കണം.
ടിക്കറ്റ് നിരക്ക് വർധന ഏറ്റവും കൂടുതൽ ബാധിക്കുന്നത് കേരളത്തിൽ നിന്നുള്ള കർണ്ണാടകയിൽ പഠിക്കുന്ന വിദ്യാർത്ഥികളെയാണ്. ഐ ടി മേഖലയിൽ ജോലി ചെയ്യുന്നവരെയും വിനോദ സഞ്ചാരികളെയും തീർത്ഥാടകരെയും ഇത് ബാധിക്കും.