കാസർഗോഡ് വന്ദേ ഭാരത് 20 കോച്ചുകളുമായി പത്ത് മുതൽ ഓടിത്തുടങ്ങും
Tuesday, January 7, 2025 9:17 PM IST
തിരുവനന്തപുരം: കോട്ടയം വഴിയുള്ള തിരുവനന്തപുരം സെൻട്രൽ കാസർഗോഡ് വന്ദേഭാരത് (20633/64) എക്സ്പ്രസ് 20 കോച്ചുകളുമായി പത്ത് മുതൽ സർവീസ് ആരംഭിക്കും. നിലവിൽ ഈ ട്രെയിൻ വെള്ളനിറത്തിലുള്ള 16 കോച്ചുകളുമായാണ് ഓടുന്നത്.
കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 20 റേക്കുകളുള്ള ഓറഞ്ച് നിറത്തിലുള്ള പുതിയ ട്രെയിൻ കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്ന് കൊച്ചുവേളിയിൽ എത്തിയിരുന്നു. ഇതാണ് പത്ത് മുതൽ ഉപയോഗിക്കുക.
20 കോച്ചുകൾ ഉള്ള വണ്ടി സർവീസ് തുടങ്ങുമ്പോൾ നിലവിലെ 16 കോച്ചുകൾ ഉള്ള ട്രെയിൻ ദക്ഷിണ റെയിൽവേയിൽ തന്നെ നിലനിർത്താനും റെയിൽവേ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി മംഗളൂരു സെൻട്രലിന് പോകുന്ന വന്ദേഭാരത് എക്സ്പ്രസിന് എട്ട് കോച്ചുകൾ മാത്രമാണ് ഉള്ളത്.
ഈ വണ്ടി 16 കോച്ചുകളിലേയ്ക്ക് മാറാൻ സാധ്യതയുണ്ട്. അതിനാലാണ് 16 കോച്ചുകൾ ഉള്ള വന്ദേഭാരത് ഇവിടെ തന്നെ നിലനിർത്താൻ നിർദേശം നൽകിയതെന്നാണ് സൂചന.