എറണാകുളത്ത് 100 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
Tuesday, January 7, 2025 6:35 PM IST
കൊച്ചി: എറണാകുളം നെടുമ്പാശേരിക്കടുത്ത് കരിയാട് നിന്ന് 100 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. ഇടപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന ആലുവ സെമിനാരിപ്പടി കൊച്ചുപണിക്കോടത്ത് ആസിഫ് അലി (26), കൊല്ലം കന്നിമേൽച്ചേരി മകം വീട്ടിൽ ആഞ്ജല (22) എന്നിവരാണ് പിടിയിലായത്.
ബംഗളൂരുവിൽ നിന്നുള്ള ടൂറിസ്റ്റ് ബസിൽ എംഡിഎംഎ കടത്തുന്നതിടയിലാണ് ഇരുവരെയും പോലീസ് പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് ഇവർ മയക്കുമരുന്നുമായി കേരളത്തിലേക്ക് വരുന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കരിയാട് വച്ച് ബസ്
തടഞ്ഞ് ഇവരെ പിടികൂടിയത്.
ബംഗളൂരുവിൽ രാസലഹരിക്കുള്ള പണം സിഡിഎമ്മിലൂടെ മാഫിയാ സംഘത്തിന് അയച്ച് കൊടുക്കും. അവർ മയക്കുമരുന്ന് ആളൊഴിഞ്ഞ ഭാഗത്തെ പ്രത്യേക സ്ഥലത്ത് കൊണ്ടുവയ്ക്കും. തുടർന്ന് ലൊക്കേഷൻ അയച്ചുകൊടുക്കും. അവിടെ നിന്ന് ടൂറിസ്റ്റ് ബസിൽ കേരളത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഇവിടെ കൊണ്ടുവന്ന് 5,10 ഗ്രാം പായ്ക്കറ്റുകളിലാക്കി വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ രീതി.