അല്ലു അർജുൻ കിംസ് ആശുപത്രിയിലെത്തി; ശ്രീതേജയെ സന്ദർശിച്ചു
Tuesday, January 7, 2025 1:40 PM IST
ഹൈദരാബാദ്: പുഷ്പ-2 റിലീസിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒമ്പതുവയസുകാരൻ ശ്രീതേജയെ സന്ദർശിച്ച് നടൻ അല്ലു അർജുൻ. ഹൈദരാബാദിലെ ഹൈദരാബാദിലെ ബീഗംപേട്ടിലുള്ള കിംസ് ആശുപത്രിയിലെത്തിയാണ് നടൻ കുട്ടിയെ സന്ദർശിച്ചത്.
തെലുങ്കാന സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (എഫ്ഡിസി) ചെയർമാൻ ദിൽ രാജുവും താരത്തിനൊപ്പമുണ്ടായിരുന്നു. നടന്റെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് ആശുപത്രി പരിസരത്ത് പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്.
സന്ദർശനം രഹസ്യമാക്കിവയ്ക്കണമെന്നു രാംഗോപാൽപേട്ട് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ അല്ലു അർജുനോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യമായ നടപടിക്രമങ്ങൾ ചെയ്തുതരാമെന്നും എസ്എച്ച്ഒ നൽകിയ നോട്ടീസിൽ പറഞ്ഞിരുന്നു.
ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യാ തീയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ശ്രീതേജയുടെ അമ്മ ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) മരിച്ചിരുന്നു. സംഭവത്തിൽ ഡിസംബർ 13ന് അറസ്റ്റിലായ നടന് തെലുങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് ശ്രീതേജയുടെ കുടുംബത്തിന് അല്ലു അർജുൻ ഒരു കോടി രൂപ നൽകിയിരുന്നു.